തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവും വിരമിക്കല്‍ ആനുകുല്യവും വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ആശാ സമരസമിതി നേതാവ് മിനി.
സംസ്ഥാന സര്‍ക്കാരും ഓണറേറിയം വര്‍ധിപ്പിക്കാന്‍ തയാറാകണമെന്നും എങ്കില്‍ മാത്രമെ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കുകയുള്ളുവെന്നും മിനി വ്യക്തമാക്കി.
ഇന്‍സെന്റീവ് വര്‍ധന 2000ല്‍ നിന്നും 3500 രൂപ ആക്കിയിട്ടുണ്ട്. വിരമിക്കല്‍ ആനുകുല്യം 20000 രൂപയില്‍ നിന്നും 50000 രൂപയാക്കിയെന്നാണ് അറിയുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച പാത സംസ്ഥാന സര്‍ക്കാരും സ്വീകരിച്ച് ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ തയാറാകണമെന്നും സമരസമിതി നേതാവ് മിനി ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ കൈവശം പണമില്ലെന്ന ന്യായം ബാലിശമാണ്. മറ്റ് പല കാര്യങ്ങള്‍ക്കും പണം അനാവശ്യമായി ചെലവാക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നതെന്നും അവര്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.